വീടിനു മുന്നില്‍ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പോങ്ങനാട് പഴയ ചന്ത തട്ടാക്കുന്നില്‍ വീട്ടില്‍ സിന്ധുവിന്റെ (43) കൈകളിലാണ് വെട്ടേറ്റത്. ഒളിവില്‍പ്പോയ മാതൃസഹോദരൻ മണിക്കുട്ടനുവേണ്ടി (60) പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. ആഴത്തില്‍ മുറിവേറ്റ്, കൈകളിലെ ഞരമ്പുകള്‍ അറ്റുപോയ സിന്ധുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം. മകളെ ട്യൂഷനു കൊണ്ടാക്കി തിരിച്ചെത്തിയ സിന്ധു, സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനിടെ മണിക്കുട്ടൻ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണിക്കുട്ടന്റെ വീടിനു സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. സ്കൂട്ടർ നിറുത്തിയിടുന്നത് കാരണം തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് മണിക്കുട്ടനും സിന്ധുവും തമ്മില്‍ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. സ്കൂട്ടറിന്റെ കാറ്റഴിച്ചുവിടുമെന്നും സിന്ധുവിന്റെ കൈ വെട്ടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.