Latest News From Kannur

കെ റെയിലിന് കേന്ദ്രത്തിൻ്റെ ബദൽ പാത; തിരുവനന്തപുരം – കണ്ണൂർ ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ, ഡിപിആറിന് നിർദേശം

0

കെ റെയിലിന് പകരം സംസ്ഥാനത്തേക്ക് പുതിയ ഹൈ സ്പീഡ് റെയിൽ പദ്ധതി വരുന്നു. സംസ്ഥാന സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച കെ റെയിൽ പദ്ധതി മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് മെട്രോമാൻ ഇ ശ്രീധരൻ്റെ പുതിയ പദ്ധതി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മുന്നിൽ അവതരിപ്പിച്ചെന്നും വിശദ പദ്ധതി തയാറാക്കാൻ പറഞ്ഞിരിക്കുകയാണെന്നും ഇ ശ്രീധരനാണ് അറിയിച്ചത്.

കേരളത്തിൻ്റെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പദ്ധതിയ്ക്കാണ് കേന്ദ്രത്തിൻ്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഭൂപ്രകൃതിക്കും സാമ്പത്തിക സാഹചര്യത്തിനും അനുയോജ്യമായ രീതിയിലുള്ള പദ്ധതിയുടെവിശദ പദ്ധതിരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. ‘പിണറായി സർക്കാർ കൊണ്ടുവരാനുദ്ദേശിച്ച കെ റെയിൽ പ്രായോഗികമല്ല. 10 വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത പദ്ധതി ഇനി നോക്കിയിരുന്നിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചകളുടെ വിവരം പങ്കുവെച്ച്ട മെട്രോമാൻ പറഞ്ഞു.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. സമർപ്പിച്ച പദ്ധതിയിൽ റെയിൽവേ മന്ത്രി താൽപര്യം പ്രകടിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെയുള്ള ഹൈ സ്പീഡ് പദ്ധതിയാണ് ഞാൻ നിർദ്ദേശിച്ചിട്ടുള്ളത്. വിശദ പദ്ധതി തയാറാക്കാൻ പറഞ്ഞിരിക്കുകയാണ്. ആ ജോലി ചെയ്യാനും ഡിഎംആർസി സന്നദ്ധമാണെന്ന് മന്ത്രിയെ അറിയിച്ചതായും ഇ ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് റെയിൽ പദ്ധതിലക്ഷ്യമിടുന്നെങ്കിലും ഭാവിയിൽ കാസർകോട് വരെ നീട്ടാൻ കഴിയുന്ന വിധത്തിലാകും പാത നിർമിക്കുക. മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകളാകും കേരളത്തിൻ്റെ മണ്ണിലേക്ക് എത്തുക. ഇതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും.

സംസ്ഥാനത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എത്താം എന്നത് ബിസിനസ്, ടൂറിസം മേഖലകൾക്ക് വലിയ ഉണർവ് നൽകും. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയുള്ള പാതയോ അല്ലെങ്കിൽ ഭൂഗർഭ പാതയോ ആയിരിക്കും ഒരുക്കുക. കെ-റെയിലിനെതിരെ ഉയർന്ന പ്രധാന പരാതി പരിസ്ഥിതി പ്രശ്നവും കുടിയൊഴിപ്പിക്കലുമായിരുന്നു. ഇ ശ്രീധരൻ്റെ പ്ലാനിൽ തൂണുകളിലൂടെ പാത നിർമിക്കുന്നത് വഴി നെൽവയലുകളും നീർത്തടങ്ങളും സംരക്ഷിക്കപ്പെടും.

 

Leave A Reply

Your email address will not be published.