Latest News From Kannur

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ; വിവിധ പദ്ധതികളുടെ പ്രഖ്യാപനം

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ന​ഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേ​ഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം.

വിഴിഞ്ഞം രാജ്യാന്തരതുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസനമാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം.

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് ഇല്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനകം വീട് , ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ കോര്‍പ്പറേഷന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയാണ് മറ്റൊരു നിര്‍ദേശം. അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036ലെ ഒളിംപിക്‌സില്‍ ചിലയിടങ്ങളില്‍ ഒളിപിംക്‌സ് വേദിയാക്കുയാണ് ലക്ഷ്യം. ഇക്കാര്യങ്ങളടങ്ങുന്ന ബ്ലൂപ്രിന്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപ രേഖ തയ്യാറാക്കുന്നതിന് മുന്‍പായി രാജ്യത്തെ പ്രമുഖനഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികസന കോണ്‍ക്ലേവ് സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.