കണ്ണൂർ :
തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി.
രണ്ടാം പ്രതി നിതിനെ വെറുതെ വിട്ടു. ശരണ്യ കുറ്റക്കാരിയെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. കൊലപാതകക്കുറ്റമാണ് തെളിഞ്ഞത്. എന്നാല്‍ ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകൻ നിതിനൊപ്പം ജീവിക്കാനായി ഒന്നരവയസുളള മകൻ വിയാനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ നിന്നുമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പൊലീസിന് മൊഴി നല്‍കിയത്. വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് വിഷം കഴിച്ച് ശരണ്യയെ അവശ നിലയില്‍ കണ്ടെത്തിയത്. അതേസമയം, 47 സാക്ഷികളെയാണ് കോസില്‍ വിസ്തരിച്ചത്. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്ബ് കോടതി വിധി പറയുന്നത്.