കൊച്ചി: സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒറ്റയടിക്ക് പവന് 1,400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,840 രൂപയായി ഉയർന്നു. ഗ്രാമിന് 175 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,355 രൂപ നൽകണം.
ഈ മാസം 14-ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്. ഡിസംബർ 23-ന് ആദ്യമായി ഒരു ലക്ഷം കടന്ന സ്വർണവില, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ തോതിൽ കുറഞ്ഞതിനുശേഷമാണ് ഇപ്പോൾ വീണ്ടും വൻ കുതിപ്പ് നടത്തിയിരിക്കുന്നത്.
കുതിപ്പിന് പിന്നിലെ കാരണങ്ങൾ:
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പുതിയ ഭീഷണി ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കാൻ കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം.
വിവാഹ സീസൺ തുടങ്ങാനിരിക്കെ സ്വർണവിലയിലുണ്ടായ ഈ വർധന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.