പാനൂർ :
വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ അടിസ്ഥാന ഘടകത്തിൽ ചർച്ചയൊരുക്കി കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രത്യേക യോഗം. ജനുവരി മൂന്നിന് കലക്ട്രേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൻ്റെയും ഏഴിന് പാനൂരിൽ നടന്ന മണ്ഡലതല അവലോകന യോഗത്തിൻ്റെയും തീരുമാനപ്രകാരമാണ് തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുടെ പ്രത്യേക യോഗം കെ.പി.മോഹനൻ എംഎൽഎ യുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്നത്. പഞ്ചായത്ത്, നഗരസഭാതലത്തിൽ ഓരോ പദ്ധതിയുടേയും നിലവിലുള്ള പുരോഗതി വിലയിരുത്തുകയും തടസ്സങ്ങളുണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കുകയുമാണ് യോഗത്തിലുണ്ടായത്. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ മുൻഗണന നൽകാൻ യോഗം തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ പ്രത്യേക അജണ്ടയാക്കി പ്രവർത്തന പുരോഗതി വിലയിരുത്താൻ യോഗം നിർദേശിച്ചിട്ടുണ്ട്.