മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍; അംഗത്വമെടുത്തത് രാപ്പകല്‍ സമരവേദിയില്‍, സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് ഐഷാ പോറ്റി. കഴിഞ്ഞ കുറെ നാളായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയായിരുന്നു ഐഷാ പോറ്റി. തെരഞ്ഞെടുപ്പിന് മുന്‍പ് ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്.
കൊല്ലം കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി വരുമെന്ന തരത്തില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തിയത്. 2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല പാര്‍ടിയില്‍ നിന്നും അകലുകയും ചെയ്തു. ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തുടക്കത്തില്‍ നിഷേധിച്ചിരുന്നു.