Latest News From Kannur

രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍, ജാമ്യാപേക്ഷ 16ന് പരിഗണിക്കും

0

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു കോടതി. പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ എസ്‌ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതി ഇ-മെയില്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കാനഡയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31 കാരിയാണ് പരാതിക്കാരി. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളില്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലുണ്ട്. പരസ്പര സമ്മതപ്രകാരമാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave A Reply

Your email address will not be published.