പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് ‘റോമിയോ-ജൂലിയറ്റ് വകുപ്പ്’?
ന്യൂഡല്‍ഹി: കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ‘റോമിയോ -ജൂലിയറ്റ് വകുപ്പ്’ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് സുപ്രീംകോടതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. പോക്‌സോ നിയമപ്രകാരമുള്ള ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ചില നിര്‍ദേശങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് നടപടി.
എന്താണ് റോമിയോ-ജൂലിയറ്റ് വകുപ്പ്?
കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ സംരക്ഷിക്കുന്നതിനാണ് റോമിയോ-ജൂലിയറ്റ് വകുപ്പ്. ഷേക്‌സിപിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് എന്ന പ്രശസ്ത നാടകത്തെ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.
കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമായി കണക്കാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അമേരിക്കയില്‍ ഈ നിയമം അവതരിപ്പിച്ചത്. രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ബന്ധത്തില്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രായവ്യത്യാസമുള്ള ആളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അത് കുറ്റകരമല്ലെന്നാണ് ഈ നിയമം പറയുന്നത്.
ലൈംഗിക പീഡനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കുന്നതിന് പകരം കൗമാരക്കാര്‍ യഥാര്‍ഥ സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന കേസുകളിലും ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. കുടുംബങ്ങള്‍ പലപ്പോഴും ഈ ബന്ധങ്ങളെ എതിര്‍ക്കുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും കൗമാരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെന്നുവെന്നും കോടതി നിരീക്ഷിച്ചു.16 വയസുള്ള പെണ്‍കുട്ടിയുടെ സമ്മതം നിയമപരമെന്നു കണക്കാക്കുന്നതായിരുന്നു, എഴുപതു വര്‍ഷത്തിലേറെയായി ഇന്ത്യയിലെ നിയമം. 2012ല്‍ പോക്സോ നിയമം വന്നതോടെ ഇത് 18 ആയി ഉയര്‍ത്തി. 18 വസയിന് താഴെയുള്ള ഒരാളുമായുള്ള ഏതൊരു ലൈംഗിക പ്രവൃത്തിയും സമ്മതത്തോടെയാണെങ്കിലും നിയമപരമായ ബലാത്സംഗം ആയി കണക്കാക്കപ്പെടുന്നു.