മാഹി : പ്രശസ്ത കാർട്ടൂണിസ്റ്റ് എം. അജയകുമാർ ക്യാൻവാസിൽ തൂലിക കൊണ്ട് നിമിഷ രചനകൾ നടത്തിയപ്പോൾ, അത് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
മാധ്യമ ശിൽപ്പശാലയുടെ ഭാഗമായി മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസ്സ് ക്ലബിൽ നടത്തിവരുന്ന ശിൽപ്പശാലയിൽപങ്കെടുത്തവർക്ക് ചിരിവരം ലഭിച്ചത് പോലെയായി.
ചിരിക്ക് ശേഷമുള്ള മൗനം ധ്യാനമാണെന്നും, ചിരിക്കുന്ന ബുദ്ധൻ പ്രസിദ്ധമാണെന്നും, അത് ഊർജസ്വലതയും, സന്തോഷവും പ്രദാനം ചെയ്യുമെന്നും കാർട്ടൂണിസ്റ്റ് അജയകുമാർ പറഞ്ഞു.
സമൂഹത്തിൽ അരങ്ങേറുന്ന പ്രണയം മുതൽ രാഷ്ട്രീയം വരെയുള്ള സംഭവങ്ങൾ ചിരിവരയ്ക്ക് നിദാനമായി. ക്യാൻവാസിൽ തെളിഞ്ഞ നൈമിഷിക മാന്ത്രികവരകൾ വിദ്യാർത്ഥികൾ തങ്ങളുടെ ക്യാൻവാസുകളിൽ പകർത്തി. വര എളുപ്പമാക്കാനുള്ള ടെക്നിക്കുകളും, സാങ്കേതിക വശങ്ങളും, ആശയങ്ങളെ എങ്ങിനെ ചിരിപടർത്തുന്ന ചിന്തോദ്ദീപ്തമായ കാർട്ടൂണുകളാക്കി മാറ്റാമെന്ന രസതന്ത്രവും, കാർട്ടൂണിസ്റ്റ് കുട്ടികളുമായി പങ്കു വെച്ചു. സൂക്ഷ്മ നിരീക്ഷണവും, നർമ്മബോധവും, വരയ്ക്കാനുള്ള വൈദഗ്ധ്യവും, ആഴത്തിലുളള വായനയും, ഉൾക്കാഴ്ചയുമെല്ലാം കാർട്ടൂണിസ്റ്റുകൾക്കുണ്ടാവണമെന്ന് വരഞ്ഞും, പറഞ്ഞും അജയകുമാർ വ്യക്തമാക്കി.
കലൈമാമണി സതീ ശങ്കർ വരകളുടെ അനന്തസാധ്യതകളിലേക്ക് ഡമോൺസ്ട്രേഷനിലൂടെ കുട്ടികളെ വഴി നടത്തിച്ചു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു ആമുഖ ഭാഷണം നടത്തി.
ഇന്ന് കാലത്ത് 10 മണിക്ക് മാധ്യമ സംസ്ക്കാരവും , സാങ്കേതിക വളർച്ചയും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ.പി. അദിബ് പ്രഭാഷണം നടത്തും. തുടർന്ന് ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിലേക്ക്പഠന യാത്ര നടത്തും.
ചിത്രവിവരണം: കാർട്ടൂണിസ്റ്റ് അജയകുമാർ കാർട്ടൂൺ വരച്ച് ക്ലാസ്സെടുക്കുന്നു.