ചെന്നൈ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളഞ്ഞു. ഇതോടെ പ്രതികള്‍ വടിവാളും മറ്റും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കൈക്ക് മുറിവേറ്റു.
തുടര്‍ന്ന് പൊലീസ് പ്രതികളുടെ കാലില്‍ വെടിവെച്ചു വീഴ്ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവഗംഗ സ്വദേശികളായ പ്രതികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലിനായിട്ടാണ് കോയമ്പത്തൂരില്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.