ഇന്ന് തുലാം പത്ത്: ഉത്തര മലബാറിൽ കാവുണരുകയായി… തോറ്റം പാട്ടിന്റെ ആർദ്രതയും വാൾ കിലുക്കങ്ങളുടെ രൗദ്രതയുമായി മറ്റൊരു തെയ്യക്കാലം കൂടി
കണ്ണൂർ : ഉത്തര മലബാറിൽ കാവുണരുകയായി. ഓലച്ചൂട്ടുകളിലേക്ക് തീ പകർന്ന് പള്ളിയറകളിൽ നിന്ന് വരവിളിയോടെ തെയ്യങ്ങളിറങ്ങി വരവായി. ചെമ്പട്ടണിഞ്ഞ് മനുഷ്യൻ ദൈവമാകുന്ന ദിവ്യ ദിനങ്ങളിലേക്ക് പുലരുകയാണ് കണ്ണൂരും പരിസര പ്രദേശങ്ങളും. ഇന്ന് തുലാം പത്ത്. ഇനിയങ്ങോട്ട് ഈ നാടിന് അഭീഷ്ട വരദായിനികളായ ദൈവങ്ങൾ ചിലമ്പ് കെട്ടിയാടുന്ന നാളുകളാണ്.
വിവിധ ഐതിഹ്യങ്ങളും ആചാരങ്ങളും രീതികളുമായി എണ്ണമറ്റ തെയ്യങ്ങളാൽ സമ്പന്നമാകും കണ്ണൂരിന്റെ ഇനിയുള്ള നാളുകൾ. വീരരായിരുന്ന മനുഷ്യർ, ചതിച്ചു വീഴ്ത്തപ്പെട്ട സ്ത്രീ ജന്മങ്ങൾ, പുരാണ കഥകളിലെ പുനർജ്ജനികൾ തെയ്യമായി ഇവരെല്ലാം ഉറയുന്ന രാത്രികളുടെ ആവേശമാണ് ഇനിയിവിടെ. ചൂട്ടു കറ്റകളുടെ വെളിച്ചം, തോറ്റം പാട്ടിന്റെ ആർദ്രത, മഞ്ഞൾക്കുറിയുടെയും, തീയിലെരിയുന്ന കുരുത്തോലയുടെയും ഗന്ധം, വാൾ കിലുക്കങ്ങളുടെ രൗദ്രത, ഇരുട്ടും മഞ്ഞും ആർപ്പുവിളികളുമായി ഇത് മറ്റൊരു തെയ്യക്കാലത്തിന്റെ തുടക്കം.
തുലാം ഒന്ന് മുതൽ തന്നെ ചില കാവുകളിൽ തെയ്യം കെട്ട് തുടങ്ങിയെങ്കിലും കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യം കെട്ടോടെയാണ് മലബാറിലെ തെയ്യക്കാലം സജീവമാകുന്നത്. കണ്ടുമതിവരാത്ത കോലങ്ങളെ വീണ്ടും കാണാൻ. ഒരിക്കലെങ്കിലും കാണാൻ കൊതിച്ച തെയ്യങ്ങളെ തേടി ചെണ്ടതാളത്തിന് കാതോർത്ത് ദിക്കറിഞ്ഞ് ഇനി കാവുകളിലേക്ക് പോകാം. രക്തചാമുണ്ഡിയും, , കതിവനൂർ വീരനും, പോതിയും, മാക്കവും, മുച്ചിലോട്ടമ്മയും, വൈരജാതനും, ഗുളികനും കാണാം. ഐതീഹ്യങ്ങളുടെ മേലേരിക്കരികിലിരുന്ന് ആ അനുഭൂതിയുടെ ചൂടറിയാം. കെട്ടുപോകാത്ത കുത്തുവിളക്ക് പോലെ ഈ നാടിന്റെ തെളിമയിൽ അനുഗ്രഹം വാങ്ങി മടങ്ങാം.