സോഷ്യല്‍ മീഡിയ വഴി ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുബഷിറിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിക്കെതിരെയും, യു.എ.ഇയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുള്ള യാബ് ലീഗല്‍ സര്‍വീസിനെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്തു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ മന്‍സില്‍) കണ്ണൂര്‍ ടൗണ്‍ പോലീസ് സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തു.
സലാം പാപ്പിനിശ്ശേരി നല്‍കിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നിരന്തരം മുബഷിറിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പ്രതി സഹകരിക്കാതിരിക്കുകയും പോലീസ് സ്റ്റേഷനില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ്, കണ്ണൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എറണാകുളത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതിയില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച്, 2025 ഓഗസ്റ്റ് 31-ന് പരാതിക്കാരന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച ഇയാള്‍, തൊട്ടടുത്ത ദിവസം ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോക്ക് താഴെ സലാം പാപ്പിനിശ്ശേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ FIR 1129/2025 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.