മാഹി : സെന്‍റ് തെരേസാ ബസലിക്കയിലെ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിന്ന തിരുനാളിന് കൊടിയിറങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയിറക്കി. തുടർന്ന് ബസിലിക്കയില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്ന അമ്മ ത്രേസ്യയുടെ തിരുസ്വരൂപം റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്‍റെ നേതൃത്വത്തില്‍ അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് ഈ വർഷത്തെ തിരുനാളിന് സമാപനമായത്.
സമാപന ദിവസമായ ഇന്നലെ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറപ്പശേരിയുടെ കാർമികത്വത്തില്‍ ദിവ്യബലി അർപ്പിച്ചു. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ബിബിൻ ബെനറ്റ് കാർമികത്വം വഹിച്ചു. കഴിഞ്ഞ അഞ്ചിന് രാവിലെയാണ് തിരുനാളിന് കൊടിയേറിയത്. പ്രധാന തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം, ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം എന്നിവയില്‍ നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് പങ്കെടുത്തത്. തിരുനാള്‍ സമാപന ദിവസമായ ഇന്നലെ മഴയെ പോലും അവഗണിച്ച് നിരവധി പേരാണ് ബസിലിക്കയില്‍ എത്തിയത്.