മാഹി: പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച സി.ബി.എസ്.ഇ. പ്രോജക്ട് വീർ ഗാഥ പെയിന്റിംഗ് മത്സരത്തിൽ വിജയിയായ മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അലോക് ദ്രുപതിനെ ആദരിച്ചു. പ്രധാന അധ്യാപിക ടി. വി. സുമതി അധ്യക്ഷയായി. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്തു. മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ ബാല പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. റഷീന വി.സി, ജിഷ്മ എം.കെ, അണിമ പവിത്രൻ എന്നിവർ സംസാരിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അലോക് ദ്രുപത് ദേശീയ ആദരം ഏറ്റുവാങ്ങിയത്. ഒരു കോടിയിൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് രാജ്യതലത്തിൽ 100 വിദ്യാർത്ഥികളെ വിജയികളായി തിരഞ്ഞെടുത്തത്. പുതുച്ചേരി സംസ്ഥാനത്തിൽ നിന്നു മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഏക വിദ്യാർത്ഥി കൂടിയാണ് അലോക് ദ്രുപത്.
മുക്കാളി–ചോമ്പാല സ്വദേശികളായ ചിത്രകാരൻ ബിജോയി കരേതയ്യിൽ, പ്രഷിജ എം.ജെ ദമ്പതികളുടെ മകനാണ്.
ചിത്രം : വീർ ഗാഥ അവാർഡ് ജേതാവ് അലോക് ദ്രുപതിന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ എം എം തനൂജ ഉപഹാരം നൽകുന്നു