തലശ്ശേരി : റവന്യൂ ജില്ലാ സ്കൂൾ കായികമേള വ്യാഴാഴ്ച മുതൽ 18 വരെ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 ഉപജില്ലകളിൽനിന്ന് ഒന്നുമുതൽ മൂന്നാംസ്ഥാനംവരെ ലഭിച്ച മത്സരാർഥികളും തലശ്ശേരി സായ് സെന്ററിൽനിന്ന് 15 വിദ്യാർഥികളും കണ്ണൂർ സ്പോർട്‌സ് ഡിവിഷനിൽനിന്ന് 40 വിദ്യാർഥികളും ഉൾപ്പെടെ 2600 വിദ്യാർഥികൾ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ 6.30-ന് കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിൽ ക്രോസ് കൺട്രി മത്സരം നടക്കും. ആൺകുട്ടികൾക്ക് ആറ് കിലോമീറ്റർ, പെൺകുട്ടികൾക്ക് നാല് കിലോമീറ്റർ എന്നിങ്ങനെയാണ് മത്സരം. തലശ്ശേരി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച 7.30-ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി പതാക ഉയർത്തും.
9.30-ന് സ്പീക്കർ എ.എൻ. ഷംസീർ മേള ഉദ്ഘാടനംചെയ്യും. സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച 4.30-ന് തലശ്ശേരി മുനിസിപ്പൽ വൈസ് ചെയർമാൻ എം.വി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.