ഗാസാസിറ്റി/ടെൽ അവീവ് : ഗാസയിലെ രക്തച്ചൊരിച്ചിൽ തീർക്കുന്നതിനായി യുഎസ് മുന്നോട്ടുവെച്ച സമാധാനപദ്ധതി ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ പ്രതീക്ഷ വാനോളം.
സമാധാനം ഉടൻ പുലരുമെന്ന പ്രത്യാശ പ്രകടിപ്പിച്ച ലോകനേതാക്കൾ വരും മണിക്കൂറുകളിൽ തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു. ഹമാസിൻ്റെ പക്കൽ ജീവനോടെയുള്ള 20 ബന്ദികളുടെ മോചനവും പകരം ആനുപാതികമായി പലസ്തീൻ തടവുകാരുടെ കൈമാറ്റവും ഉടനുണ്ടായേക്കും. ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ബന്ദികളെ തിങ്കളാഴ്ച മോചിപ്പിക്കാനാണ് സാധ്യതയെന്ന് ട്രംപ് പറഞ്ഞു.
ദൈവസഹായത്താൽ ബന്ദികളെയെല്ലാം വീടുകളിലെത്തിക്കാനാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു. ഇസ്രയേൽ സർക്കാർ അംഗീകരിച്ച് 72 മണിക്കുറിനകം ബന്ദികളെ വിട്ടയക്കണമെന്നാണ് ട്രംപിന്റെ പദ്ധതിയിലെ വ്യവസ്ഥ.
വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴിതുറക്കുമെന്ന് പറഞ്ഞ് ഇന്ത്യ, ചൈന, ഫ്രാൻസ്, ജർമനി, സൗദി അറേബ്യ, ജോർദാൻ, ലെബനൻ, ഇറ്റലി, നെതർലൻഡ്‌സ്, കാനഡ, അർജൻറീന, ഒാസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തീരുമാനത്തെ സ്വാഗതംചെയ്‌ത. ബന്ദികളെയെല്ലാം വിട്ടുകിട്ടിയാൽ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ ഇസ്രയേൽ തുടരേണ്ടതുണ്ടെന്ന് സമാധാനശ്രമങ്ങളോട് പൂർണയോജിപ്പില്ലാത്ത ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്പോട്രിച്ച് പറഞ്ഞു.
കാലതമാസമില്ലാതെ ഇസ്രയേൽ സൈനികപിന്മാറ്റം നടത്തുമെന്ന് ഉറപ്പാക്കണമെന്ന് ട്രംപിനോടും മറ്റ് മധ്യസ്ഥരോടും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സൈനികനടപടി അവസാനിപ്പിച്ചുകഴിഞ്ഞാലേ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുകയുള്ളുവെന്നും പറഞ്ഞു. ഏതെങ്കിലും വിദേശസൈന്യത്തെ ഗാസയിൽ വിന്യസിക്കാൻ അനുവദിക്കില്ലെന്നും പലസ്തീനിയൻ അമ്മാറിറ്റിയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന അറബ് സേനായ സ്വാഗതംചെയ്യുമെന്നും സൂചന നൽകി.