മാഹി : ഇക്കഴിഞ്ഞ ആഗസ്ത് 8 ന്
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പാർപ്പിട സൗകര്യങ്ങളൊരുക്കേണ്ടതുണ്ടെന്നിരിക്കെ, ഇത് സംബന്ധിച്ച് ഒക്ടോബർ മാസം സുപ്രീം കോടതിയിൽ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപികരിക്കപ്പെടുകയുമാണ്. ഓഗസ്റ്റ് 22 ന് വിധി പുറപ്പെടുവിച്ച മൂന്നംഗ ബഞ്ചാണ് നയം രൂപീകരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബഹുജനാഭിപ്രായം ഉയർന്നു വരികയാണ്.
2021 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരപോരാട്ടങ്ങൾ നടത്തിവന്ന ജനശബ്ദം മാഹി വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും, സമരപരിപാടികൾ സംഘടിപ്പിക്കുകയും, ആയിരക്കണക്കിന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി രജിസ്ട്രാർ, ലഫ്: ഗവർണ്ണർ, മുഖ്യമന്ത്രി, ചീഫ് സിക്രട്ടരി എന്നിവർക്ക് ഭീമഹരജി അയക്കുകയായിരുന്നു.
മാഹി ഹെഡ് പോസ്റ്റാഫീസിൽ ജനശബ്ദം ഭാരവാഹികളായ അഡ്വ.ടി. അശോക് കുമാർ, ചാലക്കര പുരുഷു, ഇ.കെ. റഫീഖ് എന്നിവർ ചേർന്നാണ് ഭീമഹരജി അയച്ചത്.
ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്, ദാസൻ കാണി, അസീസ് ഹാജി, പി.കെ.ശ്രീധരൻ മാസ്റ്റർ, സോമൻ ആനന്ദ്, ഷൈനി ചിത്രൻ, സോമൻ മാഹി, ആർട്ടിസ്റ്റ് സതിശങ്കർ, മോഹനൻ പന്തക്കൽ, രതി ചെറുകല്ലായി, എന്നിവർ സംബന്ധിച്ചു.