രാജ്യത്തെ പാലുത്പന്ന കയറ്റുമതി മുന്നോട്ടു തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷം 1.13 ലക്ഷം ടൺ പാലുത്പന്നങ്ങൾ കയറ്റുമതി ചെയ്തു. 4,181.71 കോടി രൂപയാണ് ഇതുവഴിയുള്ള കയറ്റുമതി വരുമാനം. മുൻ വർഷം 2,260.94 കോടി രൂപ മൂല്യം വരുന്ന 63,738.50 ടണ്ണായിരുന്നു കയറ്റുമതി ചെയ്‌തത്. കയറ്റുമതി മൂല്യം 84.95 ശതമാനമാണ് വർധിച്ചത്. ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് കൂടുതലായി പാൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
പാൽ, വെണ്ണ, നെയ്യ്, ചീസ്, തൈര്, പനീർ, പാൽകൊണ്ടുള്ള മധുരപലഹാരങ്ങൾ, ഐസ്ക്രീമുകളടക്കം ഇത്തരത്തിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ആഭ്യന്തര ഉപഭോഗവും കൂടുതലാണ്. ഉത്തർപ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
കേരളം വഴിയുള്ള കയറ്റുമതിയും കൂടിയിട്ടുണ്ട്.
164.05 കോടി രൂപ മൂല്യം വരുന്ന 2,679.57 ടൺ പാലുത്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൻ്റെ കയറ്റുമതി. 2023-24 സാമ്പത്തിക വർഷം 163.59 കോടി രൂപയുടെ 2,517.92 ടണ്ണായിരുന്നു കയറ്റുമതി. കേരളത്തിൽ ഉത്പാദിപ്പിക്കുന്നവ കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലുള്ള ഉത്പന്നങ്ങളും കേരളം വഴി പോകുന്നുണ്ട്. ഇതിൽ ഭൂരിഭാഗം കയറ്റുമതിയും കൊച്ചി തുറമുഖം വഴിയാണ്. കേരളത്തിൽ നിന്ന് യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതി. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം തൊട്ടുപിന്നിൽ.