കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ ആഘോഷിക്കും. ജന്മദിനത്തില്‍ രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുപാദ പൂജ, അമ്മയുടെ ജന്മദിന സന്ദേശം, ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍, ഭജനകള്‍, സത്സംഗം, സാംസ്‌കാരിക പരിപാടികള്‍, പ്രസാദ വിതരണം എന്നിവ നടക്കും. ഇന്ത്യയിലുടനീളമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാര്‍ഷിക അമൃതകീര്‍ത്തി പുരസ്‌കാരത്തിന്റെ സമര്‍പ്പണമാണ് മറ്റൊരു പ്രധാന പരിപാടി. 1,23,456 രൂപ ക്യാഷ് അവാര്‍ഡും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പ്രധാന സവിശേഷത. ആശ്രമത്തില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ജന്മദിനത്തോടനുബന്ധിച്ച്, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.