Latest News From Kannur

ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം, രണ്ട് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

0

ന്യൂഡല്‍ഹി : ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ അക്രമികളില്‍ രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് (സിഐ) യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലിസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചത് എന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.സംഭവത്തിന് പിന്നാലെ ഗോള്‍ഡി ബ്രാറിന്റെ സംഘത്തിലെ അംഗമായ വീരേന്ദ്ര ചരണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീരേന്ദ്ര ചരണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബോളിവുഡ് നടി ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയത് ഞങ്ങളാണ്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധന്മാരെ അവഹേളിച്ചു. സനാതന ധര്‍മ്മത്തെ അപമാനിച്ചു എന്നാണ് വീരേന്ദ്ര ചരണ്‍ പോസ്റ്റില്‍ പറഞ്ഞത്.

Leave A Reply

Your email address will not be published.