തൃശൂര്‍ : ജനസമ്പര്‍ക്ക പരിപാടിക്കിടെ നിവേദനം നിരസിച്ചെന്ന വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലി അല്ലെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സുരേഷ് ഗോപി സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. ഭവനസഹായവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജന്‍ഡകള്‍ക്കായി ഉപയോഗിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം തുടങ്ങുന്നത്. ഭവനനിര്‍മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം. സിസ്റ്റത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാന്‍ മുന്നോട്ട് വന്നതായി അറിയുന്നു. അക്കാര്യത്തില്‍ സന്തോഷമുണ്ട്.
ഇടപെടലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കിലും താന്‍ മൂലം ഒരു കുടുംബത്തിന് വീട് എന്ന സ്വപ്‌നം സാധ്യമായതില്‍ സന്തോഷമുണ്ട്. എന്നാല്‍ കഴിഞ്ഞ 2 കൊല്ലങ്ങളായി ഈ വിഷയം കണ്ടുകൊണ്ടിരുന്നവരാണ് ഇപ്പോള്‍ താന്‍ കാരണം വീട് വയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത് എന്നും സുരേഷ് ഗോപി പറയുന്നു. ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്ട്രീയ കളികള്‍ക്കല്ല, യഥാര്‍ത്ഥ പരിഹാരങ്ങള്‍ക്കാണ് സ്ഥാനം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറയുന്നു.
തൃശൂരിലെ പുള്ളില്‍ സംഘടിപ്പിച്ച ‘കലുങ്ക് വികസന സംവാദ’ത്തിലായിരുന്നു കൊച്ചു വേലായുധന്‍ എന്നയാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്‍കാന്‍ ശ്രമിച്ചത്. നിവേദനം നീട്ടിയപ്പോള്‍ വാങ്ങാന്‍ വിസമ്മതിച്ച സുരേഷ് ഗോപി ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പഞ്ചായത്തില്‍ പറയ്’ എന്നും പ്രതികരിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി കൊച്ചു വേലായുധന് വിട് വച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു. നാട്ടിക എംഎല്‍എ സിസി മുകുന്ദനും കൊച്ചു വേലായുധനെ വീട്ടിലെത്തി കണ്ടിരുന്നു.