Latest News From Kannur

ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി രാജിവെച്ചു; പാര്‍ലമെന്റിന് തീയിട്ട് പ്രതിഷേധക്കാര്‍

0

കാഠ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ്മ ഒലി രാജിവെച്ചു. സര്‍ക്കാരിനെതിരായ യുവജന പ്രക്ഷോഭം കലാപമായി മാറിയതിനെത്തുടര്‍ന്നാണ് നടപടി. ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി സൈനിക സഹായം തേടിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശര്‍മ്മ ഒലി സ്ഥാനമൊഴിയണമെന്ന് സൈനിക മേധാവി നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശര്‍മ്മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കെ. പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ തീരുമാനമാണ് യുവജന പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പ്രതിഷേധം ശക്തമായതോടെ സാമൂഹ്യ മാധ്യമ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ജെന്‍ സി പ്രതിഷേധം സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധക്കാര്‍ നേപ്പാള്‍ പാര്‍ലമെന്റിത് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി ശര്‍മ്മ ഒലി രാജിവെക്കുന്നതു വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രക്ഷോഭകര്‍ പറയുകയും ചെയ്തിരുന്നു.

നേരത്തെ പ്രതിഷേധക്കാര്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം തീവെച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമല്‍ ദഹല്‍), ഷേര്‍ ബഹാദൂര്‍ ദൂബെ, ഊര്‍ജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകര്‍ ആക്രമിച്ച് നശിപ്പിച്ചു. പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകര്‍ തീയിട്ടു. നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു. രാജ്യത്തെ മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്കും ആക്രമണം ഉണ്ടായിട്ടുണ്ട്.

 

Leave A Reply

Your email address will not be published.