Latest News From Kannur

നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി; കലാപം അന്വേഷിക്കാൻ പ്രത്യേക സമിതി

0

കാഠ്മണ്ഡു : നേപ്പാളില്‍  സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. അടിയന്തര മന്ത്രിസഭായോ​ഗമാണ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് നേപ്പാൾ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനെടുത്ത സർക്കാർ തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധനം നീക്കിയതിനെത്തുടർന്ന് രാത്രിയോടെ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവയെല്ലാം വീണ്ടും ലഭ്യമായി. സമൂഹമാധ്യമ നിരോധനത്തെത്തുടർന്ന് നേപ്പാളിൽ അരങ്ങേറിയ യുവജന പ്രക്ഷോഭത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്.

യുവജന പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ മന്ത്രിസഭ ഒരു അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു. എന്നാൽ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി വ്യക്തമാക്കി. തിങ്കളാഴ്ച രാജ്യത്തുണ്ടായ കലാപത്തിന് പിന്നിൽ നുഴഞ്ഞുകയറ്റ ​ഗ്രൂപ്പുകളാണെന്ന് പ്രധാനമന്ത്രി ശർമ്മ ഒലി കുറ്റപ്പെടുത്തി. വ്യാഴാഴ്ച മുതലാണ് നേപ്പാളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ പാലിക്കാത്തതിനെ തുടർ‌ന്നായിരുന്നു നിരോധനം. വ്യാജവാർത്തകൾ തടയുക ലക്ഷ്യമിട്ടാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ രാജ്യത്ത് സെൻസർഷിപ്പ് ഏർ‌പ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.