Latest News From Kannur

സാമൂഹ്യ ക്ഷേമ പെൻഷൻ 500 രൂപ വർദ്ധിപ്പിച്ചു; നിരവധി കുടുംബങ്ങൾക്ക് ആശ്വാസമെന്ന് എൻഡിഎ സർക്കാർ

0

മാഹി: പുതുച്ചേരി എൻഡിഎ സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വീണ്ടും 500 രൂപ വർദ്ധിപ്പിച്ചതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രണ്ടാം തവണയാണ് പെൻഷൻ വർദ്ധനവ് നടപ്പാക്കുന്നതെന്ന് അവർ പറഞ്ഞു.
പുതിയ നിരക്കനുസരിച്ച് 59 വയസ്സുവരെയുള്ളവർക്ക് 2500 രൂപയും, 60 മുതൽ 80 വയസ്സുവരെയുള്ളവർക്ക് 3000 രൂപയും, 80 വയസ്സിന് മുകളിലുള്ളവർക്ക് 4000 രൂപയും ലഭിക്കും. വർദ്ധിപ്പിച്ച തുക അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മാഹിയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റിൽ പുതുച്ചേരിക്ക് 3517 കോടി രൂപ അനുവദിച്ചതായും നേതാക്കൾ വ്യക്തമാക്കി. ഇതിൽ 3432 കോടി രൂപ “സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്” വിഭാഗത്തിലാണുള്ളത്. കൂടാതെ 400 കോടി രൂപ കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾക്കും 25 കോടി രൂപ റോഡ് വികസനത്തിനുമായി വകയിരുത്തിയിട്ടുണ്ട്. ആവാസ് യോജനയ്ക്ക് 76,500 കോടി രൂപയും, ആരോഗ്യ മേഖലയിലേക്ക് ആയുഷ്മാൻ ഭാരത് ഉൾപ്പെടെ 1,05,000 കോടി രൂപയും, വിദ്യാഭ്യാസത്തിനായി 1,39,000 കോടി രൂപയും, കുടിവെള്ള പദ്ധതികൾക്ക് 1,00,000 കോടി രൂപയും, സെമികണ്ടക്ടർ മിഷനായി 1,25,000 കോടി രൂപയും അനുവദിച്ചതായും അറിയിച്ചു.
യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാർ ഭാരതത്തിന്റെ പ്രധാന വാണിജ്യ നേട്ടങ്ങളിലൊന്നാണെന്നും, വിവിധ മേഖലകളിൽ തീരുവ കുറച്ച് വ്യാപാരം നടത്താനുള്ള കരാറുകൾ രാജ്യത്തിന്റെ നയതന്ത്ര മികവ് തെളിയിക്കുന്നതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മാഹിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരം ജനങ്ങളോടുള്ള വഞ്ചനയാണെന്നും, പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലെ പങ്കാളികളായ കമ്മ്യൂണിസ്റ്റ് പാർട്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ സുപ്രീം കോടതിയെ സമീപിച്ചവരാണെന്നും അവർ ആരോപിച്ചു. സമരം നടത്തുന്നവർ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാധാരണക്കാർക്ക് മാസം 10 കിലോ അരിയും, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് 20 കിലോ അരിയും ധാന്യങ്ങളും സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ടെന്നും അവർ പറഞ്ഞു.
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിനായി ബിജെപി സജ്ജമാകുകയാണെന്നും, പുതുച്ചേരിയിലും മാഹിയിലും നടപ്പാക്കേണ്ട വികസന പദ്ധതികൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുന്നതിന് ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്ന “ആറാ” പദ്ധതി മയ്യഴിയിൽ നടക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. എൽഇഡി വാഹനത്തിൽ അഭിപ്രായങ്ങൾ നിക്ഷേപിക്കാനുള്ള ബോക്സും, ഓൺലൈനായി സമർപ്പിക്കാനായി ക്യു ആർ കോഡും ഒരുക്കിയിട്ടുണ്ട്.
പുതുച്ചേരി രാഷ്ട്രീയത്തിൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും, ഇനി ബിജെപിയുടെ കാലമാണെന്നും മാഹിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ മാഹി മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, അങ്കവളപ്പിൽ ദിനേശൻ, മഗ്‌നീഷ് മഠത്തിൽ, അഡ്വ ഇന്ദ്രപ്രസാദ്, പി. ലതീപ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.