Latest News From Kannur

ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം തിറ മഹോത്സവം 9 മുതൽ

0

ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ദൈവിക ചടങ്ങുകളും കലാപരിപാടികളും സഹിതം നടക്കും.
മഹോത്സവ ദിവസങ്ങളിലുടനീളം രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ലളിതാസഹസ്രനാമം, ഉഷപൂജ, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ തുടങ്ങിയ പ്രത്യേക പൂജകൾ നടക്കും. എല്ലാ ദിവസവും ഭക്തർക്കായി പ്രസാദഊട്ട് ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
9ന് കൊടിയേറ്റത്തോടെയാണ് മഹോത്സവത്തിന് തുടക്കം. മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ ഘോഷയാത്ര, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ സാംസ്കാരിക സായാഹ്നം, ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും. പ്രശസ്ത കവി, പ്രഭാഷകൻ, ചലച്ചിത്ര ഗാനരചയിതാവ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി അത്താഴപൂജയ്ക്ക് ശേഷം STRANGERS Dance Crew അവതരിപ്പിക്കുന്ന Musical Dance Night ഉണ്ടായിരിക്കും.
10ന് ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവയും വിവിധ ഹോമങ്ങളും നടക്കും. തുടർന്ന് ആശ്രയ റെസിഡൻസ് & വെൽഫെയർ അസോസിയേഷന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന “Rytham 2026” എന്റർടൈൻമെന്റ് ഷോ അരങ്ങേറും.
11ന് വൈകുന്നേരം കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും, അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ക്ഷേത്രത്തിൽ നിന്നും വാദ്യകല അഭ്യസിച്ച കുട്ടികളും ചേർന്ന് പഞ്ചാരിമേളം അവതരിപ്പിക്കും.തുടർന്ന് കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദിൽഷ നയിക്കുന്ന ഡിജെയും നടക്കും.
12ന് വെള്ളാട്ടം, താലപ്പൊലി വരവ്, ഇളനീർ അഭിഷേകം, മഞ്ഞൾ അഭിഷേകം എന്നിവ നടക്കും. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന തിരുവാഭരണ വിഭൂഷിതയായ അമ്മയുടെ ദർശനം പ്രധാന ആകർഷണമാണ്.
13ന് ഗുളികൻ, ഖണ്ഡകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നീ തെയ്യങ്ങൾ കിട്ടിയാടുന്ന തിറയാട്ടോടെ മഹോത്സവം സമാപിക്കും.
വാർത്താസമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ, സെക്രട്ടറി പി.കെ. സതീഷ് കുമാർ, സി.വി. രാജൻ പെരിങ്ങാടി, കണ്ടോത് രാജീവൻ, വിജയൻ മഞ്ഞാമ്പറത്ത് എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.