കാസര്‍കോട് കുമ്പളയില്‍ ടോൾ ഗേറ്റ് നിർമാണത്തിനെതിരെ വന്‍ പ്രതിഷേധം. കുമ്പള ആരിക്കാടിയില്‍ താല്‍കാലിക ടോള്‍ ഗേറ്റ് നിര്‍മിക്കുന്നതിനെതിരെയാണ് ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. ദേശീയപാതയടക്കം ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം.
ടോള്‍ ഗേറ്റിനെതിരെ കുമ്പള സ്വദേശികളുടെ പ്രതിഷേധം മാസങ്ങളായി തുടരുകയാണ്. കോടതിയെ അടക്കം സമീപിച്ചതാണ്. നിലവില്‍ ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിടെയാണ് പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ടു വന്നത്. താല്‍കാലിക ടോള്‍ ഗേറ്റ് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതലായും ആശ്രയിക്കുന്നത് മംഗളൂരു നഗരത്തെയാണ്. രണ്ട് ടോളുകള്‍ കടന്നുപോകേണ്ട സാഹചര്യമുണ്ടാകുമെന്നതടക്കമുള്ള പരാതികളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
വന്‍ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രതിഷേധക്കാര്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ജനങ്ങള്‍ തമ്പടിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ടോള്‍ ഗേറ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂