പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22ന് വിശ്വാസസംഗമം സംഘടിപ്പിക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് ആലോചന. ആഗോള അയ്യപ്പസംഗം ഒരു വ്യവസായ സംഗമമാണെന്നും അയ്യപ്പനോടും ശബരിമലയോടും സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ അയ്യപ്പസംഗമം വെറും കാപട്യമാണെന്നും ഇവര്‍ ആരോപിക്കുന്നു. വിശ്വാസ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പന്തളം കൊട്ടാരത്തിലെത്തി പരിപാടിയുടെ വിശാദാംശങ്ങള്‍ അറിയിക്കും. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെയും വിശ്വാസ സംഗമത്തിലേക്ക് ക്ഷണിക്കും
പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിനെതരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംഗമം കൊണ്ട് സാധാരണ അയ്യപ്പന്‍ന്മാര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് അവര്‍ ചോദിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സ്ത്രീ പ്രവേശനത്തില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 20നാണ് അയ്യപ്പസംഗമം നടത്തുന്നത്. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് ഉള്‍പ്പടെയുള്ളവര്‍ ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
.