Latest News From Kannur

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീം കോടതി

0

ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.

വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയല്‍ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പൗരന്മാരെയും അല്ലാത്തവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു.

ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടത്. അങ്ങനെയുണ്ടെങ്കില്‍ അത്തരം നടപടിക്ക് തടസം നില്‍ക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2003-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കില്‍ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.

Leave A Reply

Your email address will not be published.