തലശ്ശേരി– തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുജിത്തിനെ (28) ഒരു സംഘം ബസിൽ കയറി ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പെരിങ്ങത്തൂരിലെ സവാദ് (29), ഇരിങ്ങണ്ണൂരിലെ വിശ്വജിത്ത് (31) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 പേർക്കുമെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. മൂക്കിനും മുഖത്തും പരുക്കേറ്റ വിഷ്ണുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ പെരിങ്ങത്തൂരിൽവച്ച് ഏഴംഗ സംഘം യാത്രക്കാരുടെ മുൻപിൽവച്ചു ക്രൂരമായി മർദിച്ചെന്നാണു പരാതി. ബസിന്റെ പ്ലാറ്റ്ഫോമിൽ തള്ളിയിട്ട കണ്ടക്ടറെ തുടരെ ആക്രമിച്ചു.
ബസിലെ യാത്രക്കാരിയായ വിദ്യാർഥിനിയുടെ യാത്രാ പാസുമായി ബന്ധപ്പെട്ട വിഷയമാണു പ്രകോപനത്തിനു കാരണമെന്നു പറയുന്നു. പാസില്ലാത്തിനാൽ മുഴുവൻ ചാർജ് ഈടാക്കിയതിൽ പ്രതിഷേധിച്ചാണ് ആക്രമിച്ചതെന്നു വിഷ്ണു പറഞ്ഞു. അതേസമയം, കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചു തൂണേരി സ്വദേശിനിയായ വിദ്യാർഥിനി നാദാപുരം പൊലീസിൽ പരാതി നൽകി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അറസ്റ്റ് വൈകിയാൽ പെരിങ്ങത്തൂർ റൂട്ടിൽ അടുത്തദിവസം മുതൽ സ്വകാര്യ ബസുകൾ ഓടില്ലെന്ന നിലപാടിലാണു തൊഴിലാളികളും ഉടമകളും.