Latest News From Kannur

മാഹിയിലെ സ്വർണ്ണ കവര്‍ച്ച കേസ്: ഹോം നഴ്സും ഭർത്താവും പോലീസ് കസ്റ്റഡിയിൽ

0

മാഹി : പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിൽ നിന്നും സഊദി റിയാലും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ച്ചനടത്തിയ കേസിലെ മുഖ്യ പ്രതികളായ രണ്ടുപേരെ കൂടി മാഹി പൊലീസ് അറസ്റ്റു ചെയ്തു. പരാതിക്കാരിയായ രമ്യാ രവിന്ദ്രൻ്റെ വീട്ടിലെ ഹോംനഴ്‌സായിരുന്ന ഷൈനി, ഭര്‍ത്താവ് ദീലീപ് എന്ന ചേട്ടന്‍ ബാവ എന്നിവരെ കൊല്ലം ജില്ലയിലെ മീനമ്പലത്ത് വച്ചാണ് പിടികൂടിയത്.
പ്രതികളില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍, മൂന്ന് സ്മാര്‍ട്ട് വാച്ചുകള്‍, 41 സഊദി റിയാലുകള്‍, കെ.എൽ 43 എ 3137 മോട്ടോര്‍ സൈക്കിള്‍ എന്നിവ പിടിച്ചെടുത്തു.
പി. ദിലീപ് എന്ന ചേട്ടന്‍ ബാവയുടെ പേരിൽ ആറളം പൊലിസ് സ്റ്റേഷനില്‍ 9 ഓളം ക്രിമിനല്‍ കേസുകൾ ഉണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹോംനേഴ്‌സിന്റെ ഭര്‍തൃ സഹോദരന്‍ ആറളം വെളിമാനം കോളനിയിലെ ദിനേശ് (23) എന്ന അനിയന്‍ ബാവയെ ആറളത്ത് വച്ച് അറസ്റ്റു ചെയ്തിരുന്നു. മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ജീവനക്കാരിയായ രമ്യ ജോലിക്ക് പോകുമ്പോള്‍ രണ്ട് മക്കളെ ഷൈനിയാണ് പരിപാലിച്ചത്. ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാല്‍ ഏജന്‍സിയെ സമീപിച്ച് ഹോംനഴ്‌സിനെ മാറ്റാന്‍ രമ്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജോലി നിര്‍ത്തിയ ഷൈനി മടങ്ങുമ്പോള്‍ വീടിന്റെ താക്കോല്‍ തന്ത്രപൂര്‍വം കൈക്കലാക്കിയായിരുന്നു കവര്‍ച്ച നടത്തിയത്. ആദ്യം പിടിയിലായ ദീനേശനെ ചോദ്യം ചെയ്തപ്പോള്‍ ഷൈനിയുടെ വീടിന്റെ പിന്‍വശത്ത് കുഴിച്ചിട്ട നിലയില്‍ 15 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പും നടത്തും.
മാഹി പോലീസ് ഇൻസ്പെക്ടർ പി.എ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ വി.പി.സുരേഷ് ബാബു, സുരേഷ്.വി, സുരേന്ദ്രൻ, എ.എസ്‌.ഐമാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനിത്, ഹെഡ് കോൺസ്റ്റബിൾ രാജേഷ് കുമാർ, കോൺസ്റ്റബിൾ പ്രജീഷ്, വനിത കോൺസ്റ്റബിൾ റിൻഷ എന്നിവരടങ്ങുന്ന മൂന്ന് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തിയത്.
പ്രതികളായ അനിയൻ ബാവാ ചേട്ടൻ ബാവാ സഹോദരങ്ങളുടെ പേരിൽ കേരളാ പോലിസിൽ 16 ഓളം കേസുകൾ നിലവിലുണ്ട്. 2023 മുതൽ 24 വരെ കാപ്പ ചുമത്തി ഇവരെ തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു. മോഷണ സംഘത്തിലെ ഈ സഹോദരങ്ങൾ കോപ്പാലത്ത് ബാറിൽ മദ്യപിക്കുവാൻ സ്ഥിരമായി എത്താറുള്ളതായി പോലീസ് പറഞ്ഞു. അനിയൻ ബാവ മദ്യത്തിനടിമയാണെന്നും മദ്യം കിട്ടാതാകുമ്പോൾ ആക്രമ സ്വഭാവം കാട്ടുന്നയാളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി ദിനേഷ് എന്ന അനിയൻ ബാവയെ മാഹി കോടതി റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.