വ്യാജ കോളുകളും എസ്എംഎസുകളും തടയുന്നതില്‍ ട്രായ് പുതിയ നയം നടപ്പിലാക്കിയിട്ടുണ്ട്. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനായി പല ടെലികോം ഓപ്പറേറ്റര്‍മാരും എഐ സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നത്. എല്ലാ മാസവും ദശലക്ഷക്കണക്കിന് തട്ടിപ്പ് കോളുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഡാറ്റ എയര്‍ടെല്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
സര്‍ക്കാര്‍ മേല്‍ നോട്ടത്തിലൂടെ തട്ടിപ്പ് നമ്പറുകളെ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അല്ലെങ്കില്‍(വിഒഐപി) ഇന്റര്‍നെറ്റ് ഫോണ്‍ കോളുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാണെന്നാണ് മുന്നറിയിപ്പ്.
ഇതിനെതിരെ സര്‍ക്കാര്‍ ഒരു സൈബര്‍ ക്രൈം ബോധവല്‍ക്കരണ പോര്‍ട്ടല്‍ സൃഷ്ടിച്ചിട്ടുണ്ട്, ഇന്റര്‍നെറ്റ് ഉറവിടങ്ങളില്‍ നിന്നോ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ അല്ലെങ്കില്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം.
വിഒഐപി കോളുകള്‍ വഴിയുള്ള തട്ടിപ്പ്
തായ്ലന്‍ഡിന്റെ ടെലികോം റെഗുലേറ്ററി ബോഡിയായ എന്‍പിടിസി അനുസരിച്ച്, വിഒഐപി കോളുകള്‍ പലപ്പോഴും +697 അല്ലെങ്കില്‍ +698 ല്‍ ആരംഭിക്കുന്ന നമ്പറുകളാണ്. ഇവ കണ്ടെത്തുക പ്രയാസമാണ്. ഇത്തരം കോളുകള്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ സാധാരണയായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നു, ഇതിലൂടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവയ്ക്കും.
+697 അല്ലെങ്കില്‍ +698 ല്‍ തുടങ്ങുന്ന ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍, അത് അവഗണിക്കണം. അത്തരം കോളുകള്‍ സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം.