മുംബൈ : പലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതിനെ കോടതിയെ സമീപിച്ച സിപിഎമ്മിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. അകലെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കണം എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. റാലിക്ക് അനുമതി നിഷേധിച്ച മഹാരാഷ്ട്ര പൊലീസ് നടപടിയെ ചോദ്യം ചെയ്ത് സിപിഎം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. ദേശസ്‌നേഹികളാണെങ്കില്‍ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന ഉപദേശവും കോടതി സിപിഎമ്മിന് നല്‍കി. ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 17ന് നടത്താനിരുന്ന റാലിക്ക് ആയിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. വിദേശ നയത്തിനു കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പലസ്തീന്‍ വിഷയത്തിലെ ഉയരുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ വിദേശത്തെ നയത്തെ ബാധിക്കുമെന്ന വാദം ബാലിശമാണെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകന്‍ മിഹിര്‍ ദേശായ് കോടതിയില്‍ പറഞ്ഞു. പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലെ എന്നും അദ്ദേഹം ചോദിച്ചു.
ഹര്‍ജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതി സ്വീകരിച്ച നിലപാടിനെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. കോടതിയുടെ നിരീക്ഷണങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി പൊരുത്തപ്പെടുന്ന വ്യക്തമായ രാഷ്ട്രീയ പക്ഷപാതമാണ് തെളിയിക്കുന്നത്. ഒരു ഘട്ടത്തില്‍ സിപിഎമ്മിന്റെ ദേശസ്നേഹത്തെ പോലും ചോദ്യം ചെയ്യാന്‍ കോടതി മുതിര്‍ന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ വ്യവസ്ഥകള്‍, രാജ്യത്തിന്റെ ചരിത്രം, പലസ്തീനികളോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യം, ജനങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ എന്നിവയെ കുറിച്ച് ബെഞ്ചിന് ബോധ്യമില്ലെന്ന് കരുതുന്നു എന്നും സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.