Latest News From Kannur

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെ പിരിച്ചുവിട്ടു, സ്കൂൾ സർക്കാർ ഏറ്റെടുത്തു

0

തിരുവനന്തപുരം : തേവലക്കരയിൽ സ്കൂളിൽവെച്ച് എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂ‌ളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്‌സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുൻ എം. എന്ന പതിമൂന്ന് വയസുകാരനാണ് ജീവൻ നഷ്ട‌പ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികൾ കൈക്കൊള്ളുന്നത്.

ആദ്യഘട്ടത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് നേരെ മാത്രമായിരുന്നു വിദ്യാഭ്യാസവകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയർന്നിരുന്നു. പിന്നാലെ സ്കൂ‌ൾ മാനേജരോട് അധികൃതർ വിശദീകരണം ആവശ്യപ്പെട്ടു.

സ്കൂളിന്റെ മാനേജരും സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ജി. തുളസീധരൻ പിള്ള നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സ്കൂൾ മാനേജ്മെന്റിൻ്റെ 11 അംഗ ജനകീയ സമിതിയിൽ എല്ലാവരും സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. ഈ സമിതിയെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.