Latest News From Kannur

മോദി യുകെയിലേക്ക്; കരാർ ഒപ്പുവെക്കും; കാറുകള്‍, വിസ്‌കി എന്നിവയുടെ വിലകുറയും, ഇന്ത്യയ്ക്കും നേട്ടം

0

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്, ഇത് ഒരു വര്‍ഷത്തിനുള്ളില്‍  ലഭിക്കുമെന്നാണ് കരുതുന്നത്.
കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്.
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാല്‍ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും, അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവല്‍ക്കരിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിന് കീഴിലായിരിക്കും. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ഇലക്ട്രിക് തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കാം.
ബിസിനസ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നവര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്നവര്‍ക്കും യോഗ പരിശീലകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കും യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി കിട്ടിയേക്കും. യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വര്‍ഷത്തേക്ക് യുകെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വെല്‍സ്പണ്‍ ഇന്ത്യ, അരവിന്ദ്, റെയ്മണ്ട്, വര്‍ധമാന്‍ തുടങ്ങിയ ഇന്ത്യന്‍ ടെക്സ്റ്റൈല്‍, വസ്ത്ര നിര്‍മ്മാതാക്കള്‍ക്ക് യുകെയിലേക്കുള്ള കയറ്റുമതിക്ക് തീരുവയില്ലാത്ത പ്രവേശനം ലഭിക്കുന്നത് പ്രയോജനകരമാകുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റ, റിലാക്സോ തുടങ്ങിയ പാദരക്ഷാ നിര്‍മ്മാതാക്കള്‍ക്കും യുകെ വിപണിയില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.
കരാര്‍ നിലവില്‍ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നല്‍കും, ഇതിന്റെ പരിധി 200 കോടി രൂപ ആയിരിക്കും.
വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും, വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തും.

Leave A Reply

Your email address will not be published.