Latest News From Kannur

ലാല്‍സലാം, സഖാവേ’; കേരളം നെഞ്ചേറ്റിയ ജനകീയ നേതാവിനു വിട, വിഎസ് അന്തരിച്ചു

0

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം

 

കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

 

വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ജീവിത പ്രയാസങ്ങളുടെ കനല്‍വഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

Leave A Reply

Your email address will not be published.