ന്യൂഡൽഹി : രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനം. രണ്ട് കേസുകളിലാണ് സുപ്രീംകോടതി ഇ.ഡിയെ കുടഞ്ഞത്. മുഡ ഭൂമിതട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും കർണാടക മന്ത്രിക്കും നൽകിയ സമൻസ് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ദയവായി ഞങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. അല്ലാത്തപക്ഷം, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമർശങ്ങൾ നടത്താൻ ഞങ്ങൾ നിർബന്ധിതരാകും. നിർഭാഗ്യവശാൽ, എനിക്ക് മഹാരാഷ്ട്രയിൽ ചില അനുഭവങ്ങളുണ്ട്. നിങ്ങൾ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുത്. രാഷ്ട്രീയ പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് മുന്നിൽ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നത്’ ചീഫ് ജസ്റ്റിസ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടായി പറഞ്ഞു. ഇഡിയുടെ അപ്പീൽ ഹർജി കോടതി തള്ളുകയും ചെയ്തു.
കക്ഷികൾക്ക് ഉപദേശം നൽകിയതിന് അഭിഭാഷകർക്ക് സമൻസ് അയച്ചതുമായി ബന്ധപ്പെട്ടുള്ള സ്വമേധയാ സ്വീകരിച്ച ഹർജിയിലും സുപ്രീംകോടതിയി ഇ.ഡിയെ രൂക്ഷമായി വിമർശിച്ചു. സീനിയർ അഭിഭാഷകരായ അരവിന്ദ് ദതാർ, പ്രതാപ് വേണുഗോപാൽ എന്നിവർക്കാണ് ഇഡി നോട്ടീസയച്ചത്. ഈ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബി.ആർ.ഗാവയിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേത് തന്നെയാണ് നിരീക്ഷണം. തെറ്റായ ഉപദേശമാണ് നൽകിയതെങ്കിൽ പോലും ഉപദേശം നൽകിയതിന് എങ്ങനെ അഭിഭാഷകരെ വിളിച്ച് വരുത്താനാകുമെന്ന് കോടതി ചോദിച്ചു.
ഇഡിയുടെ ഈ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അറ്റോണി ജനറൽ ആർ.വെങ്കടരമണി കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും അദ്ദേഹത്തോട് യോജിച്ചു.
ഇഡി രാഷ്ട്രീയമായി പ്രവർത്തിക്കുന്നതിന് ഒന്നിലധികം ഉദാഹാരണങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
‘പല കേസുകളിലും ഇത് സംഭവിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്. വിവിധ കോടതികളിൽ നിന്നുള്ള എന്റെ അനുഭവത്തിൽ, നിർഭാഗ്യവശാൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ രണ്ട് രാഷ്ട്രീയ പാർട്ടികളുടെ രണ്ട് കേസുകളാണ് എൻ്റെ മുന്നിലുള്ളത്. രാഷ്ട്രീയവൽക്കരിക്കരുതെന്ന് എനിക്ക് പറയേണ്ടിവന്നിട്ടുണ്ട്. ഒരു വിധിയിൽ രേഖപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു ശംസയും ഞങ്ങൾ ഇ.ഡിക്ക് നൽകുന്നില്ല. ഹൈക്കോടതി വ്യക്തമായ കാരണങ്ങളോടെ ഉത്തരവുകൾ നൽകിയതിന് ശേഷവും ഇ.ഡി ഒന്നിന് പുറകെ ഒന്നായി അപ്പീലുകൾ നൽകുന്ന നിരവധി സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.