കൊണ്ടോട്ടി: കഴിഞ്ഞ മാർച്ചിൽ നെടിയിരുപ്പിലെ പ്രവാസിയുടെ വീട്ടിൽനിന്ന് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ലഹരി മരുന്നെത്തിയത് ഒമാനിൽനിന്നായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയെ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച പിടികൂടിയതും ഒമാനിൽനിന്നു കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎയുമായി. കേരളത്തിൽ കണ്ണികളുള്ള അന്താരാഷ്ട്ര രാസലഹരിമാഫിയയുടെ ഹബ്ബായി ഒമാൻ മാറുകയാണെന്ന സംശയം മുറുകുകയാണ്.
എറണാകുളത്തെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നെടിയിരുപ്പ് മുക്കൂട് മുള്ളൻ മടത്തിൽ ആഷിഖിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ മാർച്ചിലാണ് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയത്. ഒമാനിൽനിന്ന് കാർഗോയിൽ ചെന്നൈ വിമാനത്താവളത്തിലൂടെയാണ് ലഹരിവസ്തു വീട്ടിലെത്തിച്ചത്.
ഒമാനിൽനിന്ന് കടത്തിയ എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലും എക്സൈസും പത്തോളംപേരെ പിടികൂടിയതിൻ്റെ തുടർച്ചയായാണ് കൊണ്ടോട്ടിയിൽ പരിശോധന നടന്നത്. നാട്ടിലെത്തിയ ആഷിഖിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളുടെ ഇവിടത്തെ രണ്ടു കൂട്ടാളികളെയും പിടികൂടിയിരുന്നു.സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കരിപ്പൂരിൽ തുടരുകയാണ്. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നുകളുമായി മൂന്നു യുവതികളെ മേയ് 14-നാണ് പിടികൂടിയത്. ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്കുമാർ (40), തൃശ്ശൂർ സ്വദേശി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലാൻഡ് നിർമിതമായ 15 കിലോയോളം തൂക്കംവരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്‌കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്. തായ്‌ലാൻഡിൽനിന്നുള്ള എയർ ഏഷ്യ വിമാനത്തിലാണ് മൂവരും കരിപ്പൂരെത്തിയിരുന്നത്.
രഹസ്യ വിവരത്തെത്തുടർന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതികൾ തായ്ലാൻഡിൽ നിന്ന് ക്വലാലംപുർ വഴിയാണ് കോഴിക്കോട്ട് ഇറങ്ങിയത്. ഇതിന് തൊട്ടുതലേന്നാണ് അബുദാബിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ പിടികൂടിയത്.
വിമാനത്താവള പരിസരത്തും ലഹരിമാഫിയ പിടിമുറുക്കുന്നുണ്ട്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിന് വിൽക്കാനായി എത്തിച്ച എംഡിഎംഎയുമായി ജനുവരി ഒന്നിന് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലു യുവാക്കളാണ് അന്ന് പിടിയിലായത്.