കണ്ണൂർ : കണ്ണൂർ ജില്ലാ ശാസ്ത്രവേദിയും കണ്ണൂരിലെ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ഗഗാറിൻ മുതൽ ശുഭാൻഷു വരെ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ബഹിരാകാശ ശാസ്ത്രജ്ഞൻ വി പി ബാലഗംഗാധരൻ ബഹിരാകാശ ഗവേഷണത്തിന്റെ സാധ്യതകൾ ഒരു കരിയർ പാതയായി തിരിച്ചറിയാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
ബഹിരാകാശ ഗവേഷണം ഇന്ത്യയിൽ ശാസ്ത്രീയ പുരോഗതി, സാമ്പത്തിക വളർച്ച, സാമൂഹിക നേട്ടങ്ങൾ എന്നിവയ്ക്ക് വലിയ സംഭാവനകൾ നൽകുന്നു. ആധുനീകവൽകരണത്തിന് പ്രചോദനം നൽകുന്നതിനും രാജ്യത്തിന്റെ സമൂലമായ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനുമുള്ള ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കണം. ബഹിരാകാശ പര്യവേക്ഷണത്തോടൊപ്പം ബഹിരാകാശ ദൗത്യങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടിയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ്. ഈ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ഭാവിയിലെ വളർച്ചയ്ക്കുള്ള സാധ്യത വളരെ വലുതാണ്. ഭാവിലേക്ക് ഉറ്റുനോക്കുന്ന വിദ്യാർത്ഥികൾ ഈ സാധ്യതകൾ തിരിച്ചറിയണം, അതുവഴി അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയിൽ സജീവമായി പങ്കെടുക്കാൻ കഴിയും.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, റിമോട്ട് സെൻസിംഗ്, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി സഹായിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കി, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിൽ കരിയർ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം.
ബഹിരാകാശ ഗവേഷണം ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം, നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക വികസനത്തിന് വഴിയൊരുക്കണം.
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും, പ്രസ്തുത ഗവേഷണ മേഖലകളിൽ വ്യാപൃതരാവാനും, സാങ്കേതിക പുരോഗതിക്ക് ആക്കം കൂട്ടി രാജ്യത്തിന്റെ വികസനത്തെ പിന്തുണയ്ക്കാനും വിദ്യാർത്ഥികൾ പ്രചോദികരാവണം. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന മേഖലകളിലെ ഉയർന്നുവരുന്ന കരിയറുകൾക്ക് സ്വയം തയ്യാറെടുക്കുന്നതിന് വിദ്യാർത്ഥികളെ ബോധവാന്മാരാക്കേണ്ടതിന്റെ ഊന്നിപ്പറഞ്ഞുകൊണ്ട് ഭൗമശാസ്ത്രജ്ഞനും ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഡോ. കെ. കെ. രാമചന്ദ്രൻ ചടങ്ങിൽ സംസാരിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
ശാസ്ത്രവേദി ജില്ല സെക്രട്ടറി എസ്.പി.മധുസൂദനൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.വി.വൈഷ്ണവ് നന്ദിയും പറഞ്ഞു.
പരിപാടിക്ക് എ.ആർ.ജിതേന്ദ്രൻ,കെ.എൻ.പുഷ്പവല്ലി,എം.രത്‌നകുമാർ, എം..വിനോദൻ,ആർ.ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.