പാനൂർ: പാനൂർ നഗരസഭക്കും ചെയർമാനുമെതിരെ നടത്തുന്ന ആരോപണങ്ങളും പ്രചാരണങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും നഗരസഭ ചെയർമാനെതിരെ ഭീഷണി മുഴക്കുന്നത് പ്രതിഷേധാർഹമാണെന്നും യു.ഡി.എഫ് നഗരസഭ കമ്മിറ്റി അറിയിച്ചു.
നഗരസഭ പരിധിയിലെ ഓട്ടോകൾക്ക് നമ്പർ കൊടുക്കുന്നതിന്റെ ആദ്യഘട്ടം ഡിസംബറിൽ നടത്തുകയും മറ്റ് മേഖലകളിൽ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചതാണ്. എന്നാൽ ആർ.ടി.ഒയുടെ സമയവും തീയതിയും ലഭിക്കുന്ന മുറക്ക് ബാക്കിയുള്ളവർക്ക് കൂടി നമ്പർ നൽകാൻ ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിച്ചു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മസ്‌ദൂർ സംഘം (ബി.എം.എസ്) പാനൂർ ടൗൺ യൂണിറ്റ് ഭാരവാഹികൾ ഈ വിഷയങ്ങളിൽ അപേക്ഷയുമായി നഗരസഭയിൽ വന്നത്. ചെയർമാൻ അനുഭാവപൂർവം പരിഗണിക്കാമെന്ന് സംഘടനാ ഭാരവാഹികളോട് പറഞ്ഞു. അത് കേൾക്കാതെ ഭീഷണി സ്വരത്തിൽ ജൂൺ 15ന് മുമ്പേ നടന്നില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ നഗരസഭക്ക് മുന്നിൽ നടത്തുമെന്നും സംഘടനാപരമായി ഞങ്ങളുടെ തീരുമാനമാണെന്നും പറഞ്ഞു. നഗരസഭക്കും ചെയർമാൻ കെ.പി.ഹാഷിമിനും എതിരായി നടക്കുന്ന വസ്തുതാ രഹിതമായ പ്രചാരണങ്ങളും ഭീഷണികളും വെച്ചുപൊറുപ്പിക്കാനാവില്ലന്ന് യു.ഡി.എഫ വ്യക്തമാക്കി.
പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിമിനെതിരെ ഭീഷണി മുഴക്കി പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. കേസെടുക്കാൻ അധികൃതർ തയാറാവുന്നില്ലെങ്കിൽ നിയമനടപടികൾ സ്വീകരിച്ചു മൂന്നോട്ട് പോകും.
ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന
പത്രസമ്മേളനത്തിൽ കെ പി സി സി മെമ്പർ വി സുരേന്ദ്രൻ , നഗരസഭ ചെയർമാൻ കെ.പി ഹാഷിം, നഗരസഭ മുൻ ചെയർമാൻ വി നാസർ മാസ്റ്റർ, ഡി.സി.സി. സെക്രട്ടറി കെ.പി. സാജു , പി.കെ.ഷാഹുൽ ഹമീദ് , സന്തോഷ് കണ്ണം വെള്ളി,
ടി കെ അശോകൻ മാസ്റ്റർ ,ടി.ടി. രാജൻ എന്നിവർ സംബന്ധിച്ചു