നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥി വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മയാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ എത്തിയത്. എന്നാല്‍ താന്‍ അപേക്ഷ നല്‍കാന്‍ മറന്നുപോയെന്നും പിന്നീട് ഹാള്‍ ടിക്കറ്റ് എടുക്കാന്‍ കുട്ടിയുടെ അമ്മ എത്തിയപ്പോള്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷ കേന്ദ്രം ഒബ്‌സര്‍വറുടെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയ്ക്കിടെ ഹാള്‍ ടിക്കറ്റ് കണ്ട് സംശയം തോന്നിയ എക്‌സാം ഇന്‍വിജിലേറ്ററാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് സംശയത്തിനിടയാക്കിയത്. വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഒരുഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്. പത്തനംതിട്ടയിലെ തൈക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്നു പരീക്ഷാകേന്ദ്രം.