തിരുവനന്തപുരം : വിഴിഞ്ഞം ആഴക്കടൽ തുറമുഖം പുതുതലമുറ വികസനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിൽ ഒരു പ്രധാന പുരോഗതിയാണ് വിഴിഞ്ഞം. ട്രാൻസ്ഷിപ്പ് ഹബ് നിലവിലുള്ള ക്ഷമതയിൽനിന്നു വരുംകാലത്ത് മൂന്നിരട്ടിയായി വർധിപ്പിക്കും. അതിലൂടെ ലോകത്തിലെ വലിയ വലിയ ചരക്കുകപ്പലുകൾക്ക് വളരെ വേഗത്തിൽ വിഴിഞ്ഞത്ത് എത്തിച്ചേരാൻ കഴിയും. ഇത് സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അഭിമാനമാണെന്നും പുരോ ഗതിയിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിച്ചു. കേരളത്തിന് ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം അദാനി അതിവേഗം പൂർത്തിയാക്കി. 30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖം പ്രവർത്തിക്കുന്നു. എന്നാൽ, ഇത്രയും വലിയ തുറമുഖം നിർമ്മിച്ചത് കേരളത്തിലെ വിഴിഞ്ഞത്താണ്. ഇക്കാര്യത്തിൽ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം കേൾക്കേണ്ടിവരും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനിടയിൽ കോടികണക്കിന് രൂപയുടെ നിക്ഷേപം നടന്നു. സ്വകാര്യമേഖലയുമായി ചേർന്നുള്ള പ്രവർത്തനത്തെയും അദാനിയെയും കമ്യൂണിസ്റ്റ് മന്ത്രി പ്രശംസിച്ചു. മന്ത്രി വി. എൻ. വാസവൻറെ പ്രസംഗം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
*വന്ദേഭാരത്, ബൈപ്പാസുകൾ, ജലജീവൻ തുടങ്ങി കേരളത്തിന് നിരവധി
പദ്ധതികൾ നൽകി. കേരളവികസനത്തിന് കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ട്രാൻസ്ഷിപ്പ്മെൻ്റ് രംഗത്തെ നഷ്ടം ഇല്ലാതാക്കാൻ വിഴിഞ്ഞം തുറമുഖത്തിലൂടെ കഴിയും. ഈ രംഗത്ത് പുറത്തു നൽകിയിരുന്ന പണം കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങൾക്കും പുതിയ സാമ്പത്തിക സാധ്യതകൾ തുറന്നു നൽകും. കേരളം ആഗോള സമുദ്ര മേഖലയുടെ കേന്ദ്രമായി മാറണം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടണം. ഇതിനായി കേന്ദ്ര സർക്കാർ സംസ്ഥാന . സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ട് നയിക്കും.
സാഗർമാല പദ്ധതിയിലൂടെയും പി.എം. ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും സാധ്യമാക്കി. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളായി മാറും. അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കേണ്ടതിനും മുൻഗണന നൽകുന്നു. മത്സ്യ സമ്പദ് യോജന മുന്നേറ്റങ്ങളെ മെച്ചപ്പെടുത്തുന്നു. പൊന്നാനി, പുതിയപ്പ തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വളരെ ദുഃഖകരമായ ഒരു സമയമായിരുന്നു. ഫ്രാൻസിസ് മാർപാപ്പയെ നമുക്ക് നഷ്ടമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഒരിക്കൽ കൂടി അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു.