Latest News From Kannur

ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താൻ വരുന്നവരാണെന്ന് സംശയിച്ചു; പോലീസിനോട് ഷൈൻ

0

കൊച്ചി : സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്നെ അപായപ്പെടുത്താൻ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം, ഷൈനിൻ്റെ ഫോൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിന്റെ രേഖകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങൾ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെ‌ത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്‌സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.

2015-ലെ കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ അടുത്തയിടെയാണ് തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടത്. കൊച്ചി കടവന്ത്രയിൽ നടത്തിയ റെയ്‌ഡിൽ ആയിരുന്നു കൊക്കെയ്നുമായി ഷൈനും മോഡലുകളും പിടിയിലായത്. ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.

Leave A Reply

Your email address will not be published.