Latest News From Kannur

ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്‍പില്‍; എത്തിയത് പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പേ, അഭിഭാഷകര്‍ ഒപ്പം

0

കൊച്ചി : ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ഷൈന്‍ ഹാജരായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ  കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെ ഇന്ന് വൈകീട്ട് ഹാജരാകും എന്നായിരുന്നു ഷൈനിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഷൈന്‍ ഇന്ന് ഹാജരാകുകയായിരുന്നു.

ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടത് എന്ന ചോദ്യത്തിനാണ് പൊലീസ് പ്രധാനമായും ഉത്തരം തേടുക. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക. ഷൈന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

Leave A Reply

Your email address will not be published.