പാനൂർ :
ചൊവ്വാഴ്ച വൈകീട്ടോടെ വീശിയടിച്ച കാറ്റ് പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. തെക്കേ പന്ന്യന്നൂർ കൊല്ലേരി താഴെക്കുനിയിൽ ഗോവിന്ദൻ്റെ വീട്ടുപറമ്പിലെ 5 തെങ്ങുകൾ നിലംപൊത്തി.
ചമ്പാട് മേഖലയിലും വ്യാപക നഷ്ടമുണ്ടായി. ടൗണിലെ പി.പി പ്രവീണിൻ്റെ കെ.കെ സ്‌റ്റോറിൻ്റെ ഗോഡൗണിന് മുകളിൽ തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. നവകേരള വായനശാലയുടെ മേൽക്കൂര കനത്ത കാറ്റിൽ നിലം പൊത്തി. ആയുർവേദ ആശുപത്രി റോഡിൽ മരം കടപുഴകി വീണു. യു.പി നഗറിൽ ശ്രീനാരായണ ആദർശ വേദിക്ക് സമീപം തെങ്ങ് കടപുഴകി റോഡിലേക്ക് വീണു. ചമ്പാട് മുതുവനായി മടപ്പുരക്ക് സമീപം വൻ മരം ഇലക്ട്രിക്ക് ലൈനിലേക്ക് കടപുഴകി വീണു.ഏറെ നേരം പണിപ്പെട്ട് മരം മുറിച്ചുനീക്കി. ഈ ഭാഗത്ത് വാഹനഗതാഗത മുൾപ്പടെ സ്തംഭിച്ചു.
ചമ്പാട് മുരികോൾ പൊയിൽ ഫൗസിയയുടെ വീടിനു മുകളിൽ 4 മരങ്ങൾ പൊട്ടിവീണു. നാശ നഷ്ടം ഉണ്ടായി. മുണ്ടോൾ റംല,വാച്ചാലി രവീന്ദ്രൻ, സ്രാമ്പിയിൽ സലാം, തടവന്റവിട സജിത്ത് കുമാർ, എന്നിവരുടെ വീടിനു മുകളിലും മരം വീണു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ നിരവധി വാഴകൾ നശിച്ചു. അരയാക്കൂലിലും കാറ്റ് നാശം വിതച്ചു. പന്ന്യന്നൂർ രാമചന്ദ്രൻ്റെ വീടിൻ്റെ മുകൾഭാഗത്തെ ഞാലിയും, ഓടുകളും തെങ്ങ് വീണ് തകർന്നു. തൂണേരി പ്രകാശ് ബാബുവിൻ്റെ വീടിനും തെങ്ങ് വീണ് കേടുപാടുകളുണ്ടായി. കുറിച്ചിക്കരയിലെ മൻമഥൻ്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. മനേക്കരയിൽ കുന്നുമ്മൽ യുപി സ്കൂളിന് സമീപം മരം വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. അനിൽകുമാറിൻ്റെ വീടിന് മുകളിൽ 2 കവുങ്ങുകൾ വീണ് നാശനഷ്ടമായി. പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇലക്ട്രിക് ലൈനിൽ മരം വീണു.