അഴിയൂരിലെ യുവ തലമുറയെയും വിദ്യാർത്ഥികളെയും ലഹരി മാഫിയയുടെ കെണിയിൽ നിന്നും രക്ഷിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി അഴിയൂരിൻ്റെ വികസനം ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മയായ “അഴിയൂർക്കൂട്ടം സൗഹൃദ കൂട്ടായ്മ”യുടെ നേതൃത്വത്തിൽ പൂഴിത്തല മുതൽ കുഞ്ഞിപ്പള്ളി ടൗൺ വരെ നൈറ്റ് മാർച്ചും ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
അഴിയൂരിലെ മുഴുവൻ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പൊതു പ്രവർത്തകർ, സീനിയർ സിറ്റിസൺ ഭാരവാഹികൾ, മദ്യവിരുദ്ധ സമിതി അംഗങ്ങൾ മുതലയാവർ പരിപാടിയിൽ പങ്കെടുത്തു.
നൈറ്റ് മാർച്ച് ശ്രീ. ടി.സി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബങ്ങളിലേക്കും വൻ വിപത്തായി കടന്നുവരികയാണെന്നും സമൂഹാരോഗ്യത്തെ കാർന്നുതിന്നുന്ന പുതു തലമുറയ്ക്ക് മുന്നിൽ നരകവാതിൽ തുറന്നു കൊടുക്കുകയാണ് ലഹരി മാഫിയകൾ എന്നും ഭാവി കേരളത്തിന് വേണ്ടി നാം നടത്തുന്ന ലഹരി വിരുദ്ധ പോരട്ടത്തിൻ്റെ സമയം വൈകിപ്പോയോ എന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും ലഹരി വിരുദ്ധ നൈറ്റ് മാർച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സർവ്വശ്രീ. ചെറിയ കോയ തങ്ങൾ, കവിത അനിൽകുമാർ, ഷുഹൈബ് കൈതാൽ, പി.കെ. കോയ, ഇക്ബാൽ അഴിയൂർ, രാജൻ തീർത്ഥം, വി.കെ.അനിൽകുമാർ, രാജൻ മാസ്റ്റർ, രവീന്ദ്രൻ അമൃതംഗമയ, മർവ്വാൻ അഴിയൂർ, സുഗതൻ മാസ്റ്റർ, സിറാജ് മുക്കാളി, നസീർ വീരോളി, സതി ടീച്ചർ, ഷാനി അഴിയൂർ, സഫീറ ഷുഹൈബ്, കെ.പി.വിജയൻ, രാജേഷ് അഴിയൂർ, മഹമൂദ്. കെ, യൂസഫ് കുന്നുമ്മൽ, സുരേന്ദ്രൻ പറമ്പത്ത്, ഹംസ അഴിയൂർ, അബുബക്കർ കൊട്ടാരത്തിൽ, അബ്ദുൾ അസീസ്, ജബ്ബാർ നെല്ലോളി, എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.