മാഹി : മയ്യഴി മേഖലയിലെ പ്രമുഖ പൊതുവിദ്യാലയമായ ഈസ്റ്റ് പള്ളൂർ അവ റോത്ത് ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രാവശനോൽസവം സംഘടിപ്പിച്ചു. പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്.സി. സിലബസ് നടപ്പിലാക്കിയതിൻ്റെ ഭാഗമായാണ് മാഹിയിലും സർക്കാർ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിനു തുറന്നത്. രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ പ്രവേശനോത്സവം. വിദ്യാലയത്തിലെ പൂർവ്വ പ്രധാനാധ്യാപകനും സിനിമ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഉത്സാവന്തരീക്ഷത്തിലുള്ള അധ്യയന വർഷാരംഭം വിദ്യാലയത്തിലെത്തുന്ന കുട്ടികളിൽ പുതിയ ഉന്മേഷവും ആവേശവും നിറക്കുമെന്നും മയ്യഴി മേഖലയിലെ ഏറ്റവും മനോഹരമായ അവറോത്ത് വിദ്യാലയം ദേശത്തിൻ്റെ പൊതു സ്വത്തായി തിരിച്ചറിഞ്ഞ് വിദ്യാലയത്തിൻ്റെ നന്മക്കായി രക്ഷിതാക്കളും നാട്ടുകാരും ഒത്ത് ചേർന്ന് പരിപാടികൾ ആവിഷ്ക്കരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുസ്തഫ മാസ്റ്റർ പറഞ്ഞു. പ്രധാനാധ്യാപിക പി. സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു.
മുതിർന്ന രക്ഷിതാവ് രാമചന്ദ്രൻ ആശംസകൾ നേർന്നു. അൽനദേവ്, നക്ഷത്ര, ദേവാംഗന, സമൻ ആയിഷ, ഹൃദിക, വി. തനുഷ്, വാമിക, അലീമ തുടങ്ങിയ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പുതിയ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൻ്റെ വകയായി പഠനോപകരണങ്ങൾ സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിനു എം. ശരൺ സ്വാഗതവും കെ. ശ്രീജ നന്ദിയും പറഞ്ഞു.
ചിത്രകലാധ്യാപകൻ ടി.എം. സജീവൻ ഒരുക്കിയ പെൻസിൽ തോണി കുട്ടികൾക്ക് കൗതുകമേകി. ടി. സജിത, എ.പി. റിഫാന തുടങ്ങിയവർ നേതൃത്വം നല്കി.
സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ മെയ് മാസം മാത്രമാണ് മധ്യവേനൽ അവധി അനുവദിച്ചിരിക്കുന്നത്.