പാനൂർ : പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈസ്റ്റ് ചെണ്ടയാട് വാങ്ങിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയായ പ്രിയദർശി മിനി സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനം
2025 ഏപ്രിൽ 5 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കും.
പുത്തൂർ മണ്ഡലം പ്രസിഡണ്ട് വിജീഷ് കെ പി യുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന പരിപാടിയിൽ കണ്ണൂർ ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉൾപ്പെടെ സംസ്ഥാന ജില്ല ബ്ലോക്ക്തല നേതാക്കൻമാർ പങ്കെടുക്കും.
തുടർന്ന് പ്രാദേശികമായി ഒരുക്കിയ കലാപരിപാടികൾ അരങ്ങേറും.
പ്രിയദർശിനി ഫെസ്റ്റിൻ്റെ ഭാഗമായി ഏപ്രിൽ 1 മുതൽ ഏപ്രിൽ 4 വരെ മേജർ, ജില്ല, വനിത, പ്രാദേശിക വോളിബോൾ ടൂർണ്ണമെൻ്റ് ഉണ്ടായിരിക്കും. ജില്ലാ സംസ്ഥാന താരങ്ങളെകൊണ്ട് സമ്പന്നമായ ടീമുകൾ മാറ്റുരയ്ക്കും. വോളിബോൾ ടൂർണ്ണമെൻറ് ഏപ്രിൽ 1 ചൊവ്വാഴ്ച വൈകുന്നേരം കെ എസ് യു ജില്ല പ്രസിഡണ്ട് എം സി അതുൽ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് പുത്തൂർ മണ്ഡലം മഹാത്മ ഗാന്ധി കുടുംബ സംഗമം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും. വിമുക്തിമിഷൻ കണ്ണൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സമീർ ധർമ്മടം ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കും .
കുടുംബ സംഗമത്തിൽ പുത്തൂർ മണ്ഡലത്തിലെ വാർഡുകളിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരെയും, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും,
കെ എസ് യു സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ദീപശിഖാ പ്രയാണം രാവിലെ 9 മണിക്ക് കുടുംബ സംഗമ വേദിയിൽ എത്തിച്ചേരും
വൈകുന്നേരം 7 മണി മുതൽ കോഴിക്കോട് മ്യൂസിക്കൽ ഡ്രീംസിൻ്റെ മെഗാഷോയും പ്രിയദർശിനി ഫെസ്റ്റിൻ്റെ ഭാഗമായി നടക്കും.
പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ കെ.പി. രജീഷ് , സി.വി.എ.ജലീൽ ,
എ.പി. ചന്ദ്രൻ ,
പി.പി. രജീഷ് ,
ഭാസ്കരൻ വയലാണ്ടി ,
എ.പി. രാജു
എന്നിവർ പങ്കെടുത്തു .