Latest News From Kannur

സിറിഞ്ചുവഴി എച്ച്ഐവി: ജാഗ്രത ആവർത്തിച്ച് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി

0

തിരുവനന്തപുരം : ലഹരി കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ചുവഴി മലപ്പുറം ജില്ലയിൽ പത്തുപേർക്ക് എച്ച്ഐവി പകർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാനിർദേശം ആവർത്തിച്ച് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി. കുത്തിവെപ്പിനുള്ള സൂചി പങ്കിടുന്നത് അണുബാധ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

കൗൺസലിങ് നൽകുമ്പോഴാണ് മിക്കപ്പോഴും ഇക്കാര്യം കണ്ടെത്തുന്നത്. യുവാക്കളുടെ സംഘങ്ങൾ ഒരേ സിറിഞ്ചുതന്നെ ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നുണ്ടോയെന്ന് കൃത്യമായി വിലയിരുത്താൻ കൗൺസിലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം എട്ടുശതമാനത്തോളം പേർക്ക് അണുബാധയുണ്ടായത് സിറിഞ്ച് പങ്കിട്ട് ലഹരി കുത്തിവച്ചതുനിമിത്തമാണെന്നാണ് വിലയിരുത്തൽ. വ്യക്തിയുടെ സമ്മതത്തോടെമാത്രമാണ് പരിശോധനനടത്താനാവുകയെന്നതും അണുബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നതും പ്രതിരോധപ്രവർത്തനങ്ങൾക്ക് പലപ്പോഴും വെല്ലുവിളിയാവുന്നുണ്ട്. കൗമാരവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി 14 ജില്ലയിലും സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

ഒന്നായി പൂജ്യത്തിലേക്ക്

2030-ഓടെ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. കേരളം ഈ ലക്ഷ്യം ഇക്കൊല്ലംതന്നെ കൈവരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ഒന്നായി പൂജ്യത്തിലേക്ക് എന്ന കാമ്പയിന് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി തുടക്കമിട്ടിട്ടുണ്ട്. . എച്ച്ഐവി ബാധ താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2023-ൽ രാജ്യത്ത് 68451 പേർക്ക് പുതുതായി അണുബാധ കണ്ടെത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 1263 പേർക്കാണ് എച്ച്ഐവി ബാധിച്ചത്.

Leave A Reply

Your email address will not be published.