Latest News From Kannur

ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയുടെ പേരില്‍ കേസ്, മാപ്പ് പറയില്ലെന്ന് താരം

0

മുംബൈ : യുട്യൂബ് വീഡിയോയില്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡേക്കെതിരേ പരാമര്‍ശം നടത്തിയതിന് ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തു. അതേ സമയം, പരിപാടിയുടെ റെക്കോഡിങ് നടന്ന ഖാര്‍ റോഡിലെ ഹോട്ടല്‍ യുനികോണ്ടിനെന്റലിനകത്തുള്ള ഹാബിറ്റാറ്റ് സ്റ്റുഡിയോ അക്രമിച്ച 11 ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

ക്ലബ്ബിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച പൊളിച്ചു നീക്കുകയുമുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുനാല്‍ ‘നയാ ഭാരത്’ എന്ന കോമഡി സീരീസിന്റെ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. ഇത് വൈറലായതോടെ ഒരു സംഘം ശിവസേനാ പ്രവര്‍ത്തകര്‍ സ്റ്റുഡിയോ ആക്രമിക്കുകയായിരുന്നു.

സീരീസില്‍ ഹിന്ദി ചലച്ചിത്രമായ ദില്‍ തോ പാഗല്‍ ഹേ…യുടെ പാരഡി അവതരണത്തിലൂടെ ഏക്‌നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ ആണെന്ന് പരാമര്‍ശിക്കുകയുമായിരുന്നു. കുനാല്‍ കമ്ര മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ആവശ്യപ്പെട്ടപ്പോള്‍ ഒരു ചതിയനെ അങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് വിളിക്കുക എന്നായിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ചോദ്യം. കോടതി പറഞ്ഞാലേ മാപ്പ് പറയുള്ളൂ എന്നാണ് കുനാലിന്റെ കേസ്.

താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്‌സിലൂടെയാണ് കമ്ര പ്രതികരിച്ചത്. തനിക്കെതിരെ എടുക്കുന്ന ഏതൊരു നിയമപരമായ നടപടിക്കും പൊലീസുമായും കോടതിയുമായും സഹകരിക്കുമെന്ന് പറഞ്ഞ കമ്ര എവിടേക്കും ഒളിച്ചോടുന്നില്ലെന്നും വ്യക്തമാക്കി. ഏക്‌നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് താന്‍ പറഞ്ഞത്. ഈ ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ലെന്നും എക്‌സില്‍ കുറിച്ചു.

Leave A Reply

Your email address will not be published.